തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശത്തിന്റെ (ഇഎസ്എ) ആകെ വിസ്തൃതി 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി സണ്ണി ജോസഫ്.
ജിഐഎസ് പരിശോധനകൾ, ഫീൽഡ് വെരിഫിക്കേഷൻ, തദ്ദേശസ്ഥാപന തലത്തിൽ നടത്തിയ പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കിക്കൊണ്ടാണു വിസ്തൃതി രേഖപ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര കരടു വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ നിലപാട് സമയബന്ധിതമായി അറിയിക്കാൻ കാലതാമസം ഉണ്ടായിട്ടില്ല. സമയപരിധിയായ 60 ദിവസത്തിനുള്ളിൽതന്നെ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിനു സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.